Thursday, August 20, 2009

കൊച്ചു നഷ്ടങ്ങള്‍

സായം സന്ധ്യകള്‍,അസ്തമയം,വൈകുന്നേരം...കേള്‍ക്കാന്‍തന്നെ
സുഖമുള്ള വാക്കുകളാണു.അനുഭവത്തില്‍ അതിലേറെ
മനോഹരമായിരിക്കും.പക്ഷെ 5 വര്‍ഷമായി ഞാനീ വാക്കുകളെ
വായിക്കുക മാത്രം ചെയ്യുന്നു.കാരണം 5 വര്‍ഷമായി ഞാന്‍
പത്രലോകത്തു സങ്കേതിക വിഭാഗത്തില്‍ ജോലിചെയ്യുന്നു.
നാട്ടിലും ഖത്തറിലുമായി വൈകുന്നേരങ്ങള്‍ക്കു എന്നെ അന്യനാക്കിയ
വര്‍ഷങ്ങള്‍..
കൂട്ടിലേക്കു തിരിച്ചു പറക്കുന്ന കിളികളെയോ,പടിഞ്ഞാറു ചുവപ്പിക്കുന്ന
അസ്തമയ സൂര്യനേയോ,ഓര്‍മ്മകളുടെ മണമേറി വരുന്ന സായാഹ്നങ്ങളൊ
നഷ്ടമായവരാണു പത്രലോകത്തിലെ അധികപേരും.ഏറെ വൈകിയുണരുന്നതുകൊണ്ട്
പ്രഭാതവും നഷ്ടപ്പെടുന്നു.ഉദയവും അസ്ത്മയവും കാണാനാവത്തവരുടെ ലോകത്തെപ്പറ്റി
ആരും പറയുന്നില്ല.പക്ഷെ അവരെല്ലാവരെ പ്പറ്റിയും എഴുതുന്നു.മറ്റുള്ളവരുടെ പ്രയാസങ്ങളെ
കുറിച്ചു,നീതി നിഷേധത്തിനെതിരെ.....അങ്ങിനെ അങ്ങിനെ....കൌതുകം തന്നെ,അല്ലേ?
മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ നമ്മുടേതു കൂടിയാവുകയും,പ്രയാസങ്ങള്‍ നമ്മളെക്കൂടി
പ്രയാസപ്പെടുത്തുകയും ചെയ്യുമ്പോള്‍ ഞാന്‍ എന്നതില്‍ നിന്നും നമ്മളെന്ന
ബഹുവചനത്തിലേക്കെത്തുന്നു.
എന്തിരുന്നാലും ചെറിയൊരാശ ഞാനും കാത്തുവെക്കുന്നു.ഒരു മാറ്റം.
പ്രഭാതത്തിലെ നവോന്മേഷവും വൈകുന്നേരങ്ങളിലെ ഓര്‍മ്മകളിലെ
പാതയോരങ്ങളിലൂടെയുള്ള സവാരിയും എന്റെ ജീവിതത്തിലേക്കും
കടന്നുവരാന്‍ പ്രാര്‍ത്ഥിക്കുക.

Wednesday, May 28, 2008

അസര്‍മുല്ല

എന്റെ അനുഭവങ്ങള്‍ ചിന്തകള്‍,മറ്റുള്ളവരുടെ ലോകത്തെ എന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുക ,അങ്ങിനെ ഒരു പാടു കാര്യങ്ങള്‍ കുറിച്ചിടാനായിരുന്നു 'അസര്‍മുല്ല' ബ്ലോഗ്‌ തുടങ്ങിയതു..പക്ഷെ ഇതുവരെ ഒന്നു പോസ്റ്റാന്‍ കഴിഞ്ഞില്ലെന്നു മാത്രം.
അസര്‍മുല്ല ഒരു പൂവാണു.വിടരാന്‍ വൈകുന്നേരം കാത്തിരിക്കുന്ന ഒരു പൂവ്‌.പേരില്‍ തന്നെയുണ്ട്‌ ആളിനു ജാതി.അസര്‍ ബാങ്കിന്റെ സമയത്തു വിടരുന്നൊരു പൂവ്‌.വിരിയാന്‍ ഇത്രയും വൈകുന്നതെന്തേ എന്നചോദ്യത്തിനു പ്രസക്തിയില്ല.വൈകിയെത്താറില്ലേ നമ്മളും വാക്കുകളുമൊക്കെ...വൈകി പിറക്കുന്ന വാക്കുകള്‍ മനോഹരമാവാറുണ്ടു.വൈകിപ്പെയ്യുന്ന മഴയും അങ്ങിനെതന്നെ.ശകതമയിരിക്കും.മഴയെപ്പറ്റി എഴുതിയപ്പോഴാണോര്‍ത്തത്‌.മഴയെ ഒരു പാടു സ്നേഹിക്കുന്ന ഒരു സുഹ്രുത്തുണ്ടെനിക്കു.എന്നുമെന്നോടു മഴയെപ്പറ്റി ഒരു കവിതയെഴുതാന്‍ പറയുന്നവള്‍.ഞാന്‍ തമാശയായി മഴക്കുട്ടീ എന്നൊക്കെ വിളിക്കാറുണ്ട്‌.
മഴയെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും.മഴയില്‍ കുളിരും സ്നേഹവും പ്രണയവുമുണ്ട്‌.ചെറുതണുപ്പില്‍ നാളെ സ്ക്കൂളുണ്ടാവല്ലേയെന്നു പ്രാര്‍ത്ഥിച്ചു കിടക്കുന്ന കുട്ടിക്കാലത്തെ മഴക്കാല രാത്രികള്‍,കുളങ്ങളിലും പാടങ്ങളിലും കുളിച്ചും മീന്‍ പിടിച്ചും നടക്കുന്ന കൗമാരത്തിലെ മഴക്കാലം,അങ്ങിനെ അങ്ങിനെ ഓരോ കാലത്തും മഴ അനുഭവങ്ങളിലൂടെ വ്യത്യസ്തമാവുന്നു.മഴ അപൂര്‍വ്വമായി വിരുന്നെത്തുന്ന ഈ മരുഭൂമിയിലും മഴയെക്കുറിച്ചുള്ളോര്‍മ്മകള്‍ മനസ്സില്‍ ഗ്രുഹാതുരതയുടെ മഴപെയ്യിക്കുന്നു.
ഇഴപിരിയാതെ മഴത്തുള്ളികള്‍ ഇറയത്തുകൂടെ ഒലിച്ചിറങ്ങുമ്പോള്‍ നിര്‍ന്നിമേഷനായി നോക്കിയിരിക്കാറുണ്ട്‌.പലപ്പോഴും നമ്മള്‍ തന്നെയറിയില്ല മഴതോരുന്നതും പെയ്യുന്നതും വീണ്ടും തോരുന്നതും.പ്രായവും കാലവും അങ്ങിനെത്തന്നെ.നമ്മെ കടന്നുപോവുമ്പോള്‍ നാമറിയുന്നില്ല.ഇടമുറിയാതെ പെയ്യുന്ന ഒരു മഴക്കാലത്തിനായി കാത്തിരിക്കുന്നുണ്ടു ഞാനും.അങ്ങകലെ എന്റെ പ്രണയിനിയും.ഞാനരികില്ലെത്തുമ്പൊഴേക്കും മഴക്കാലം കഴിഞ്ഞിരിക്കും.അപ്പോഴൊക്കെയും പറയാനൊരു വാക്കുണ്ട്‌...അടുത്ത മഴക്കാലമാവട്ടെ...