Wednesday, May 28, 2008

അസര്‍മുല്ല

എന്റെ അനുഭവങ്ങള്‍ ചിന്തകള്‍,മറ്റുള്ളവരുടെ ലോകത്തെ എന്റെ കാഴ്ചയിലൂടെ അവതരിപ്പിക്കുക ,അങ്ങിനെ ഒരു പാടു കാര്യങ്ങള്‍ കുറിച്ചിടാനായിരുന്നു 'അസര്‍മുല്ല' ബ്ലോഗ്‌ തുടങ്ങിയതു..പക്ഷെ ഇതുവരെ ഒന്നു പോസ്റ്റാന്‍ കഴിഞ്ഞില്ലെന്നു മാത്രം.
അസര്‍മുല്ല ഒരു പൂവാണു.വിടരാന്‍ വൈകുന്നേരം കാത്തിരിക്കുന്ന ഒരു പൂവ്‌.പേരില്‍ തന്നെയുണ്ട്‌ ആളിനു ജാതി.അസര്‍ ബാങ്കിന്റെ സമയത്തു വിടരുന്നൊരു പൂവ്‌.വിരിയാന്‍ ഇത്രയും വൈകുന്നതെന്തേ എന്നചോദ്യത്തിനു പ്രസക്തിയില്ല.വൈകിയെത്താറില്ലേ നമ്മളും വാക്കുകളുമൊക്കെ...വൈകി പിറക്കുന്ന വാക്കുകള്‍ മനോഹരമാവാറുണ്ടു.വൈകിപ്പെയ്യുന്ന മഴയും അങ്ങിനെതന്നെ.ശകതമയിരിക്കും.മഴയെപ്പറ്റി എഴുതിയപ്പോഴാണോര്‍ത്തത്‌.മഴയെ ഒരു പാടു സ്നേഹിക്കുന്ന ഒരു സുഹ്രുത്തുണ്ടെനിക്കു.എന്നുമെന്നോടു മഴയെപ്പറ്റി ഒരു കവിതയെഴുതാന്‍ പറയുന്നവള്‍.ഞാന്‍ തമാശയായി മഴക്കുട്ടീ എന്നൊക്കെ വിളിക്കാറുണ്ട്‌.
മഴയെ ഇഷ്ടപ്പെടാത്തവര്‍ കുറവായിരിക്കും.മഴയില്‍ കുളിരും സ്നേഹവും പ്രണയവുമുണ്ട്‌.ചെറുതണുപ്പില്‍ നാളെ സ്ക്കൂളുണ്ടാവല്ലേയെന്നു പ്രാര്‍ത്ഥിച്ചു കിടക്കുന്ന കുട്ടിക്കാലത്തെ മഴക്കാല രാത്രികള്‍,കുളങ്ങളിലും പാടങ്ങളിലും കുളിച്ചും മീന്‍ പിടിച്ചും നടക്കുന്ന കൗമാരത്തിലെ മഴക്കാലം,അങ്ങിനെ അങ്ങിനെ ഓരോ കാലത്തും മഴ അനുഭവങ്ങളിലൂടെ വ്യത്യസ്തമാവുന്നു.മഴ അപൂര്‍വ്വമായി വിരുന്നെത്തുന്ന ഈ മരുഭൂമിയിലും മഴയെക്കുറിച്ചുള്ളോര്‍മ്മകള്‍ മനസ്സില്‍ ഗ്രുഹാതുരതയുടെ മഴപെയ്യിക്കുന്നു.
ഇഴപിരിയാതെ മഴത്തുള്ളികള്‍ ഇറയത്തുകൂടെ ഒലിച്ചിറങ്ങുമ്പോള്‍ നിര്‍ന്നിമേഷനായി നോക്കിയിരിക്കാറുണ്ട്‌.പലപ്പോഴും നമ്മള്‍ തന്നെയറിയില്ല മഴതോരുന്നതും പെയ്യുന്നതും വീണ്ടും തോരുന്നതും.പ്രായവും കാലവും അങ്ങിനെത്തന്നെ.നമ്മെ കടന്നുപോവുമ്പോള്‍ നാമറിയുന്നില്ല.ഇടമുറിയാതെ പെയ്യുന്ന ഒരു മഴക്കാലത്തിനായി കാത്തിരിക്കുന്നുണ്ടു ഞാനും.അങ്ങകലെ എന്റെ പ്രണയിനിയും.ഞാനരികില്ലെത്തുമ്പൊഴേക്കും മഴക്കാലം കഴിഞ്ഞിരിക്കും.അപ്പോഴൊക്കെയും പറയാനൊരു വാക്കുണ്ട്‌...അടുത്ത മഴക്കാലമാവട്ടെ...

21 comments:

ശ്രീ said...

മിക്കവരെയും പോലെ മഴയും മഴക്കാലവും എനിയ്ക്കും ഏറെ പ്രിയങ്കരം തന്നെ.

അസര്‍മുല്ല എന്ന പൂവിനെ പറ്റി ഇപ്പഴാണ് മനസ്സിലായത്. ചില പാട്ടുകളിലൊക്കെ കേള്‍ക്കാറുണ്ടെങ്കിലും ആ പേരു കിട്ടിയതെങ്ങിനെ എന്നൊന്നുമറിയില്ലായിരുന്നു.
:)

തറവാടി said...

:)

Joker said...

അസര്‍മുല്ലക്ക് നാല് മണിപ്പൂവ് എന്നും പറയാണുണ്ട് എന്നാണ് എന്റെ അറിവ് ശരിയാണോ എന്നറിയില്ല.അസര്ര് ബാങ്ക് കൊടുക്കുന്നത് ഏതാണ് ആ സമയത്ത് തന്നെയാണ്.

ശ്രീ.പറഞ്ഞ പോലെ അസര്‍ മുല്ല പൂവില്ലാത്ത മാപ്പിളപാട്ടുകള്‍ ഇല്ല.

വൈകല്‍ എന്ന കാര്യം ഒട്ടും ശുഭകരം അല്ല.....

ഫസല്‍ ബിനാലി.. said...

അതെ, പത്തുമണിപ്പൂക്കളില്‍ പെട്ടതാണീ നാലുമണിപ്പൂക്കളും. പത്തു മണിക്ക് വിടരാന്‍ നേരം കിട്ടതെ പോയ പൂക്കള്‍, പാവം. ഇനിയെന്തായാലും വൈകിക്കേണ്ട, ഏതായാലും വിടര്‍ന്നില്ലെ.. ഒരു വസന്തം തന്നെ ആശംസിക്കുന്നു.

ആമി said...

വൈകിയാണെങ്കിലും അസര്‍മുല്ല വിരിഞ്ഞല്ലോ.....

ഇനി വാടാതിരിക്കട്ടെ എന്നാശംസിക്കുന്നു..

OAB/ഒഎബി said...

അസറ് മുല്ല, നാലു മണിപ്പൂക്കളായാലും ശരി,ഈ ജീവിതത്തിന്റെ അസറ് താഴ്ന്ന നേരത്ത് ഞാന്‍ കാത്തിരിക്കയാണ്‍. മഗ് രിബാകും മുന്‍പേ തുടങ്ങൂ!!.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

മഴയും മഴക്കാലവും പ്രണയവും വിരഹവും..
അസര്‍മ്മുല്ലപ്പൂവേ അഴകിന്‍ നിലാവേ കിനാവിന്റെ തോഴീ...നിനക്കായി മാരന്‍..
ഹാരീ നന്നായിട്ടുണ്ട്

ഹാരിസ്‌ എടവന said...

അസര്‍മുല്ലയും നാലുമണിപ്പൂവും തമ്മില്‍ വ്യത്യാസമുണ്ട്‌.ബ്ലോഗിലെ ചിത്രത്തില്‍ കാണുന്നതാണു അസര്‍മുല്ലപ്പൂവ്‌,

Unknown said...

ഈ പൂവു ഞാന്‍ കണ്ടിട്ടുണ്ട് പേര് അറിയില്ലായിരുന്നു.
നല്ല പേര്
പിന്നെ ഇയ്യാള് പറഞ്ഞപോലെ
മഴയുള്ള രാത്രികളില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍
പിറ്റേന്ന് സുകുള്‍ ഉണ്ടാകാതെയിരുന്നെങ്കില്‍ എന്ന്
ഞാനും അഗ്രഹിക്കാറുണ്ട്

Muhammed Sageer Pandarathil said...

മഴയെ സ്നേഹിക്കുന്ന ഒരു സുഹൃത്തിന്റെ ആശംസകള്‍

ഹാരിസ്‌ എടവന said...

എല്ലാവര്‍ക്കും നന്ദി.
നിങ്ങളുടെ പിന്തുണയാണു
വീണ്ടും വീണ്ടും എഴുതുവാനുള്ള
പ്രചോദനം.

മാണിക്യം said...

......മഴ
പിന്നെയും പിന്നെയും
പൊട്ടി പുറപ്പെട്ട് വരുന്ന
ഓരോ മഴയും വേറെ വേറെ
അനുഭവമാണു തരുന്നത് ,
പ്രഭാതത്തിലെ മഴ ..
അവധി ദിവസമാണെങ്കില്‍
ജോലിയുള്ളപ്പൊഴാണങ്കില്‍,
ഒറ്റക്ക് ബസ് സ്റ്റോപ്പില്‍ ആണങ്കില്‍
കാമുകിയോടൊപ്പം സൊറ
പറഞ്ഞിരിക്കുമ്പോള്‍ ആണെങ്കില്‍
ഓരോ മഴക്കും ഒരോ കഥ പറയാനുണ്ട് ....
വെള്ളികെട്ടുപോലെ കണ്ട മേഘശകലങ്ങള്‍ ആരോടോ വാതുവച്ചപോലെ ഓടൂന്നു,
ഓടി ഒത്തു കൂടുന്നു
മഴക്കുള്ള പുറപ്പാടാണോ?
ഞ്‍ാന്‍ തല പുറകോട്ടാക്കി
ആ മേഘങ്ങളെ നോക്കി ചോദിച്ചു
ഉത്തരമായി ഒരു ഗര്‍ജ്ജനം ,
എന്നിട്ട് എറിഞ്ഞു ചരല്‍ പോലത്തെ മഴത്തുള്ളികള്‍ താഴേക്ക് ,
പെയ്തു ഒരു മഴ മാനത്തുമെന്നുള്ളിലും...
ആ നനവില്‍ മാനം ചുവന്നു തുടുത്തു
‘മഴവന്നൂ ഞാന്‍ പോട്ടെ’
എന്ന് പറഞ്ഞ് അത്രനേരവും കൂട്ടുനിന്ന
“എന്റെചുവന്നകുപ്പായക്കാരന്‍”
പടിഞ്ഞാട്ടേയ്ക്ക് ഓടി ....
മൂടി കെട്ടിയമാനം..ചുറ്റും ഇരുട്ട് പരക്കുന്നു
ഒന്നു മഴ പെയ്തെങ്കില്‍ .......

ഒരു മഴ ഞാനും ഈ അസര്‍‌മുല്ലചോട്ടില്‍
മഴ തൂവാനമായി പെയ്യിക്കുന്നു...

ഒരു സ്നേഹിതന്‍ said...

"ഞാനരികില്ലെത്തുമ്പൊഴേക്കും മഴക്കാലം കഴിഞ്ഞിരിക്കും.അപ്പോഴൊക്കെയും പറയാനൊരു വാക്കുണ്ട്‌...അടുത്ത മഴക്കാലമാവട്ടെ... "

വൈകി വിടര്‍ന്ന അസര്മുല്ല പൂവിനോരായിരം ആശംസകള്‍....

Kichu $ Chinnu | കിച്ചു $ ചിന്നു said...

അസര്‍മുല്ലയെ ഞങ്ങളൊക്കെ നാലുമണിപ്പൂവെന്നാണ് വിളിക്കാറ്...
കുട്ടിക്കാലത്ത് നോക്കിയിരിക്കുമായിരുന്നു അത് നാലുമണിക്ക് മെല്ലെ വിരിയുന്നത് കാണാന്‍ :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹാരിസിന്റെ കമന്റ് ഇപ്പോഴാ കണ്ടത്. ആ ചിത്രത്തില്‍ കാണുന്ന പൂവിനെത്തന്നെയാണ് ഞങ്ങളൊക്കെ നാലുമണിപ്പൂവ് എന്ന് വിളിക്കുന്നത്

B Shihab said...

ashamsakal

Manoj said...

its good

...nEju... said...

Vaiki virinja ee asarmulla nannayittundu.. njaanum kathirikkukayanu.. adutha mazhakku vendi... Oraayiram aashamsakal..

Sureshkumar Punjhayil said...

Best Wishes...!

Yesodharan said...

ഗൃഹാതുരമായ ഓര്‍മകളെ മനസ്സിലേക്ക് ആവാഹിക്കുന്ന രചന....ഇത്തരം ഓര്‍മ്മകള്‍ ഒന്നും ഇല്ലാത്തതായിരുന്നു എന്റെ കുട്ടിക്കാലം...ഒരു പുതിയ ലോകത്തിലേക്ക് വാതില്‍ തുറന്നു തന്നതിന് നന്ദി....ഇനിയും ഇത് പോലുള്ള രചനകള്‍ പ്രതീക്ഷിക്കുന്നു.....

smiley said...

ഇനിയും
വെയ്കാതെ ഈ അസര്പുല്ലപ്പൂവുകള്‍
വിടരട്ടെ...